അമേരിക്കന്‍ രഹസ്യം റഷ്യ ചോര്‍ത്തി – മിസ്സൈലുകളും ആയുധങ്ങളും മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദമസ്‌കസ്: രാസായുധം പ്രയോഗിച്ചുവെന്നാരോപിച്ച് അമേരിക്കയും രണ്ട് സഖ്യരാജ്യങ്ങളും ചേര്‍ന്ന് സിറിയയില്‍ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ചില രഹസ്യങ്ങള്‍ റഷ്യ സിറിയയ്ക് ചോര്‍ത്തി നല്‍കി.തുടര്‍ന്ന് പ്രധാന മിസ്സൈലുകളും ആയുധങ്ങളും രഹസ്യ സ്ഥലങ്ങളിലേക്കും മാറ്റി.എന്നാല്‍ ഇതേ വേളയില്‍ തന്നെ അമേരിക്കന്‍ സൈന്യത്തിന് പിന്നാലെ ബ്രിട്ടീഷ് സൈന്യവും ആക്രമണം ശക്തമാക്കിയത് സിറിയന്‍ സൈന്യത്തിന് തിരിച്ചടിയായി. അമേരിക്കയുടെ നീക്കത്തിന് നാറ്റോ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയും ഇറാനും ആക്രമണത്തിനെതിരെ രംഗത്തുവന്നു. ഇവരുടെ സൈന്യം സിറിയയുടെ ഭാഗം ചേര്‍ന്നാല്‍ യുദ്ധം ലോകമഹായുദ്ധമായി മാറുമെന്നാണ് ആശങ്ക.അമേരിക്കയുടെ സൈനിക നീക്കം സംബന്ധിച്ച വിവരങ്ങള്‍ സിറിയക്കും ലഭിച്ചിരുന്നുവത്രെ. സിറിയന്‍ സൈനിക ഉദ്യോഗസ്ഥരാണ് റോയിട്ടേഴ്‌സിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വിവരം ലഭിച്ച ഉടനെ സൈനിക ഉദ്യോഗസ്ഥര്‍ താഴേ തട്ടിലേക്ക് കൈമാറി. ആക്രമിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വിവരമാണ് സിറിയക്ക് ലഭിച്ചത്. വിവരം കൈമാറിയത് റഷ്യയായിരുന്നു. റഷ്യയുടെ രഹസ്യാന്വേഷണ സംഘമാണ് അമേരിക്കയുടെ നീക്കം പൊളിച്ചത്.ഒരു കേന്ദ്രത്തിലെ 30 മിസൈലുകള്‍ മാറ്റാന്‍ സാധിച്ചില്ല. ഈ മിസൈലുകള്‍ അമേരിക്കന്‍ ആക്രമണത്തില്‍ നശിച്ചുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.റഷ്യന്‍ സൈനികര്‍ സിറിയയിലുണ്ട്. സിറിയന്‍ സൈന്യത്തിനെ സഹായിക്കാന്‍ എത്തിയതാണവര്‍. ഭീകരവാദികളുടെ ആക്രമണം തടയാനും സിറിയന്‍ സൈന്യത്തിന് സഹായം നല്‍കാനുമാണ് റഷ്യ എത്തിയത്. ഇതേ ദൗത്യം തന്നെയാണ് ഇറാനും സിറിയയില്‍ സ്വീകരിക്കുന്നത്. ഇറാനെ സംബന്ധിച്ചിടത്തോളം ഷിയാ ബന്ധവും സിറിയയുമായിട്ടുണ്ട്. കാരണം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അലവി വിഭാഗത്തില്‍പ്പെട്ട ഷിയാക്കളാണ്. ഇദ്ദേഹത്തിന്റെ കുടുംബമാണ് സിറിയയില്‍ നാല് പതിറ്റാണ്ടിലധികമായി ഭരിക്കുന്നത്. കിരാത ഭരണത്തിനെതിരെ 2011ല്‍ തുടങ്ങിയ പ്രതിഷേധമാണ് രക്തരൂഷിതമായ ആഭ്യന്തര യുദ്ധമായി മാറിയത്.റഷ്യയുടെ ഒരു കേന്ദ്രങ്ങളും സിറിയയില്‍ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ല. റഷ്യന്‍ സൈനികര്‍ക്ക് അപകടം സംഭവിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കക്കും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് ഓരോ ആക്രമണവുമെന്നാണ് വിവരം. പക്ഷേ, റഷ്യന്‍ സൈന്യം സിറിയയില്‍ ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുന്നതും അമേരിക്കന്‍ സഖ്യത്തിന് തിരിച്ചടിയാണ്. ഇവര്‍ ഏതെങ്കിലും രീതിയില്‍ സിറിയന്‍ സൈന്യത്തിന് പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്. റഷ്യയും ഇറാനും നേരിട്ട് യുദ്ധത്തിന് ഇറങ്ങിയാല്‍ അമേരിക്കന്‍ സൈന്യത്തിന്റെ നില പരുങ്ങലിലാകും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *