ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം : അതിര്‍ത്തിയില്‍ കനാല്‍ കുഴിക്കും.ആണവ മാലിന്യം നിക്ഷേപിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിയാദ്/ദോഹ: ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിക്കാന്‍ ആലോചന തുടങ്ങിയ സൗദി മറ്റു നിര്‍ണ്ണായകമായ നീക്കങ്ങള്‍ക്ക് കൂടി പദ്ധതി തയ്യാറാക്കുന്നു.ഇതോടെ ഖത്തര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയാകും.ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. കൂടെ സൗദിയിലെ ആണവ മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രമായി ഖത്തര്‍ അതിര്‍ത്തിയെ മാറ്റും. ഖത്തറിനെ ഈ തീരുമാനം വലിയ പ്രതിസന്ധിയിലാക്കും.എല്ലാ ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ട രാജ്യമായ ഖത്തറിന്‍റെ ഏക കരമാര്‍ഗം അടയ്ക്കുക എന്നതിനൊപ്പം കനാലിലൂടെ ടൂറിസവും കപ്പല്‍ ഗതാഗതവും പ്ലാന്‍ ചെയ്യുന്നതോടെ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെടും.ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ 60 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ നിര്‍മിക്കാനാണ് സൗദിയുടെ ആലോചനയെന്ന് സബ്ഖ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 200 മീറ്റര്‍ വീതിയിലും 20 മീറ്റര്‍ ആഴത്തിലുമായിരിക്കും കനാല്‍ നിര്‍മിക്കുക. ഖത്തറിന്റെ അതിര്‍ത്തിയില്‍ നിന്ന് അല്‍പ്പം സ്ഥലം ഒഴിച്ചിട്ട ശേഷമായിരിക്കും കനാല്‍ നിര്‍മാണം.ഖത്തറിനോട് ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍ കൂറ്റന്‍ സൈനിക ആസ്ഥാനവും സൗദി നിര്‍മിക്കുന്നുണ്ട്. കൂടാതെ ആണവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രവും ഇവിടെ ഒരുക്കും. സൗദി അറേബ്യ വ്യത്യസ്തമായ ഊര്‍ജ മേഖലകള്‍ തേടുകയാണ്. ആണവോര്‍ജ്ജമാണ് സൗദിയുടെ അടുത്ത ലക്ഷ്യം. ഇതിന് വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. സൗദിയില്‍ വിവിധ ഭാഗങ്ങളില്‍ 16 ആണവ റിയാക്ടറുകളാണ് ഒരുക്കാന്‍ പോകുന്നത്. ഈ റിയാക്ടറുകളിലെ മാലിന്യം ഒഴിവാക്കുന്നത് ഒരു വെല്ലുവിളിയാണ്. അതിന് വേണ്ടി കണ്ടെത്തുന്നത് ഖത്തര്‍ അതിര്‍ത്തിയാണെന്ന് അല്‍ റിയാദ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.സൗദി അറേബ്യന്‍ ഭരണകൂടം കനാല്‍ പദ്ധതി സംബന്ധിച്ച് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ സൗദി അറേബ്യയുടെ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെന്ന തോന്നലുണ്ടാക്കുന്നതായിരുന്നു യുഎഇയുടെ പ്രതികരണം. യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ഖത്തര്‍ അതിര്‍ത്തിയിലെ കനാല്‍ പദ്ധതി സംബന്ധിച്ച് ട്വിറ്ററില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചു. കനാല്‍ വരുന്നത് ഖത്തറിന് ഭയമാണെന്നും ഖത്തറിന്റെ മൗനം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഖത്തര്‍ ഭരണകൂടം ആശങ്കയിലാണെന്നും ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •