അലിഭായി കുറ്റം സമ്മതിച്ചു;സത്താറിന്റെ കുടുംബം നശിപ്പിച്ചതിനുള്ള പ്രതികാരം ; നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജേഷിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തായ വിദേശത്തുള്ള നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവായ അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി മൊഴി നല്‍കി.സത്താറിന്റെ കുടുംബം നശിപ്പിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകം. കൊലയ്ക്ക് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചു. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.നാട്ടിലെത്താന്‍ വിമാന ടിക്കറ്റിനായി പണം നല്‍കിയത് സത്താറാണ്. ജോലി നല്‍കിയ സത്താറിനോടുള്ള കൂറാണ് താന്‍ കാണിച്ചതെന്നും അലിഭായി മൊഴി നല്‍കി.അതേസമയം അലിഭായിയുമായി ഇന്ന് തന്നെ പൊലീസ് തെളിവെടുപ്പ് നടത്തും.രാജേഷ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനാവാത്തതിന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന പോലീസിന് വലിയ ആശ്വാസമാണ് അലിഭായി എന്ന സാലിഹിനെ പിടികൂടാന്‍ സാധിച്ചത്. രാജേഷിനെ മടവൂരിലെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ദില്ലി വഴി കാഠ്മണ്ഡുവിലേക്കും അവിടെ നിന്നും ഖത്തറിലേക്കുമാണ് അലിഭായ് രക്ഷപ്പെട്ടതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. രാജേഷ് കൊലക്കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം നാല് പേരെ ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇനി അപ്പുണ്ണിയും കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്‍കിയവരുമാണ് പിടിയിലാകാനുള്ളത്.അലിഭായിക്കും അപ്പുണ്ണിക്കുമൊപ്പം കൊട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഷന്‍സീറിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ കേരളത്തിലെത്തി കീഴടങ്ങാന്‍ തയ്യാറാണെന്ന് അലിഭായ് പോലീസിനെ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ സാലിഹ് ടിക്കറ്റെടുത്ത വിവരം ഉള്‍പ്പെടെ പോലീസിന് ലഭിച്ചിരുന്നു. അത് മാത്രമല്ല അലിഭായിയുടെ വിസ റദ്ദാക്കാനും പോലീസ് ശ്രമങ്ങള്‍ നടത്തിയതോടെയാണ് നാട്ടിലെത്താനുള്ള തീരുമാനം. അലിഭായിയുടെ ഖത്തറിലെ സ്‌പോണ്‍സറുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിയായ ഇയാളെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയുമുണ്ടായി. ഇതോടെ ഖത്തറില്‍ തുടരാന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെയാണ് അലിഭായ് നാട്ടിലേക്ക് മടങ്ങിയത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •