സൈന്യത്തിനെതിരെ ലക്ഷ്യമിട്ടത് ചാവേറാക്രമണം

ശ്രീനഗര്‍: കശ്മീരിലെ വീണ്ടും ഭീകരാക്രണം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആക്രമണം തുടരുന്നത്. ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. സിആര്‍പിഎഫിന്റെ 23 ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കരണ്‍ നഗറിലാണ് ഇത്തവണ ആക്രമണമുണ്ടായിരിക്കുന്നത്. ഇവിടെ ചാവേറാക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. തോക്കുമേന്തി വന്ന ഒരാള്‍ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിയെ തുടര്‍ന്ന് ഇയാള്‍ പിന്നീട് രക്ഷപ്പെട്ടെങ്കിലും സൈന്യം തിരച്ചില്‍ തുടരുകയാണ്. ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസും ഭീകരര്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തിന് പിന്നാലെ പാകിസ്താനെ വിമര്‍ശിച്ച്‌ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരുമെന്നായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്. അതേസമയം ഭീകരര്‍ക്കെതിരെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് സൈന്യമെന്ന് സൈനിക വക്താവ് പറഞ്ഞു. കരണ്‍ നഗറില്‍ സ്ഫോടനങ്ങള്‍ നടക്കുന്നുണ്ടെന്നും വെടിയൊച്ചകള്‍ കേട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സമീപത്തെ വീടുകളെല്ലാം സുരക്ഷയുടെ ഭാഗമായി സൈനികര്‍ ഒഴിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനുകളും റദ്ദാക്കിയിട്ടുണ്ട്.

മഹമ്മൂദ് ഷാ എന്ന് പേരുള്ള വ്യക്തി ഇവിടെയുള്ള സ്വകാര്യ പത്രസ്ഥാപനത്തില്‍ വിളിച്ച്‌ ആക്രമത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ ഏറ്റെടുക്കുന്നതായി അറിയിക്കുകയായിരുന്നു. അതേസമയം സിആര്‍പിഎഫ് ക്യാംപില്‍ ചാവേറാക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്പി വെയ്ദ് പറഞ്ഞു. രണ്ടുഭീകരര്‍ ക്യാംപ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഉണ്ടെന്നും ഇവരുമായുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭീകരര്‍ക്കെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍ ആറ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരരെ ഇത് വരെ വധിച്ചിട്ടുണ്ട്.