ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥിയാവും

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയായേക്കും. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിലെ ധാരണ.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുമ്മനം മത്സരിക്കുകയും പാര്‍ട്ടിക്കു കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയുകയും ചെയ്താല്‍ അതു ക്ഷീണമാവുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. കഴിഞ്ഞ തവണ മത്സരിച്ചയാള്‍ എന്ന നിലയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശ്രീധരന്‍ പിള്ളയ്ക്കുള്ള പരിചിതത്വം ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു.

ഇതിലുപരി ബിഡിജെഎസിനോടുള്ള അടുപ്പവും ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണായക ഘടകമായിട്ടുണ്ട്. നിലവില്‍ ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ബിഡിജെഎസ് ശ്രീധരന്‍ പിള്ള സ്ഥാനാര്‍ഥിയായാല്‍ പ്രകടമായ അകല്‍ച്ച പ്രകടിപ്പിക്കില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്‍എസ്‌എസുമായുള്ള അടുപ്പവും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍ പിള്ളയ്ക്കുള്ള ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലിയരുത്തല്‍.

കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ശ്രീധരന്‍പിള്ളക്ക് നേടാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ടതായി ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് സ്ഥിരീകരിച്ചു