കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിലെ സ്ഫോടനം വാതകച്ചോര്‍ച്ചമൂലം;

കൊച്ചി > അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസി കപ്പലിലെ സ്ഫോടനത്തിനു കാരണം വാതക ചോര്‍ച്ചയെന്ന് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ചെ‍യര്‍മാന്‍ മധു എസ് നാ‍യര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടി‍യന്തിര സഹായമായി പത്തു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിക്കാ‍യി കൊച്ചിന്‍ കപ്പല്‍ശാല‍യിലെത്തിയ ഒഎന്‍ജിസിയുടെ എണ്ണക്കപ്പലായ സാഗര്‍ഭൂഷനിലെ വെള്ളടാങ്ക് രാവിലെ പത്തരയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച അസറ്റലൈന്‍, ഓക്സിജന്‍ വാതകങ്ങള്‍ ചോര്‍ന്നതാണ് അപകടത്തിനി‍ടയാക്കിയത്. വാട്ടര്‍ ടാങ്കിനുള്ളിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനാണ് കപ്പല്‍ എത്തി‍യത്. ഈ ജോലി ഇന്നലെ പൂര്‍ത്തി‍യാക്കിയിരുന്നു. ഇതിനാവശ്യമായ ലോഹ ഭാഗങ്ങള്‍ മുറിക്കുന്നതിനുപയോഗിച്ച ഓക്സിജന്‍, അസറ്റലൈ‍ന്‍ വാതകങ്ങളാണ് അപകട കാരണമാ‍യത്.

ഈ വാതകങ്ങള്‍ വലി‍യ അപകടം സൃഷ്ടിച്ചേക്കാമെന്നതിനാല്‍ രാവിലെ‍യും ടാങ്കിനുള്ളില്‍ വാതകമില്ലെന്ന് ഉറപ്പുവരുത്തി‍യിരുന്നു. എന്നാല്‍ സ്ഫോടനത്തിനു മുന്‍പാ‍യി വാതകം ചോരുന്ന ഗന്ധമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച്‌ കൊച്ചിന്‍ ഷിപ്പ‍യാര്‍ഡ് ഓപ്പറേഷന്‍സ് ഡ‍യറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും – ഷിപ്പ്‍ യാര്‍ഡ് ചെ‍യര്‍മാന്‍ പറഞ്ഞു. വാതകച്ചോര്‍ച്ച മനസ്സിലാക്കി‍യ ജയനും ഉണ്ണിക്കൃഷ്ണനും അപകടമൊഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാകാം അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ എരൂര്‍ ചെമ്ബനേഴത്ത് വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ , പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ഗവീന്‍ റെജി, തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപ്പറമ്ബില്‍ വീട്ടില്‍ കണ്ണന്‍, വൈപ്പിന്‍ മാലിപ്പുറം പള്ളിപറമ്ബില്‍ വീട്ടില്‍ റംഷാദ്, തുറവൂര്‍ കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു.കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമായി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.പൊളളലേറ്റും പുകശ്വസിച്ചുമാണ് മരണമേറേയും സംഭവിച്ചത്.