കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം

 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ണൂര്‍: ( 13.02.2018) കേരളത്തെ ഞെട്ടിച്ച്‌ കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. മട്ടന്നൂരിനു സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് ഹൗസില്‍ ഷുഹൈബിന്റെ (30) കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

അതേസമയം നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിച്ചു. ഊട്ട് ഉത്സവം കണക്കിലെടുത്ത് പയ്യാവൂര്‍ പഞ്ചായത്തിനെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബേറില്‍ പരിക്കേറ്റ ഷുഹൈബിന്റെ സുഹൃത്തുക്കളായ പള്ളിപ്പറമ്ബത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) എന്നിവര്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഷുഹൈബിനും സുഹൃത്തുക്കള്‍ക്കും നേരെ വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

അതേസമയം, പരിയാരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് പോലീസ് സര്‍ജന്‍ അവധിയായതിനാല്‍ ഷുഹൈബിന്റെ പോസ്റ്റ്മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഷുഹൈബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്കു മാറ്റിയിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് പരിയാരം മോര്‍ച്ചറിയില്‍വച്ച്‌ നടത്തുകയും ചെയ്തു. എന്നാല്‍, പരിയാരത്തെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള അവധിയിലായതിനാലാണ് പോസ്റ്റുമോര്‍ട്ടം കോഴിക്കോട്ടേക്കു മാറ്റുന്നത്.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ഷുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *