ഈ വിപത്തിന് പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്ന് നിര്‍മലാ സീതാരാമന്‍

ശ്രീനഗര്‍: സുന്‍ജ് വാന്‍ ആക്രമണത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി. പാകിസ്താന്‍‍ ഈ വിപത്തിന് വില നല്‍കേണ്ടിവരുമെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയിട്ടുള്ള താക്കീത്. തിങ്കളാഴ്ച ജമ്മു കശ്മീരിലെത്തി ഭീകരാക്രമണത്തില്‍‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം.

സുന്‍ജ് വാന്‍, കരണ്‍ നഗര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആണെന്നും മന്ത്രി ആരോപിക്കുന്നു. സുന്‍ജ് വാന്‍ സൈനിക ക്യാമ്ബ് ആക്രമിച്ചതിന് പിന്നില്‍ അതിര്‍ത്തി കടന്നെത്തിയവരാണെന്നും ഈ വിപത്തിന് പാകിസ്താന്‍ വില നല്‍കേണ്ടിവരുമെന്നുമാണ് നിര്‍മല സീതാരാമന്‍‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെത്തിയ നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സുന്‍ജ് വാന്‍ സൈനിക ക്യാമ്ബ് ആക്രമിച്ച ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് പ്രദേശവാസികളില്‍ നിന്ന് പിന്തുണ ലഭിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.