റിസര്‍വ് ബാങ്കിന്‍റെ വായ്പാനയം

മുംബൈ: അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്‍റെ വായ്പാനയം. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് ആറുശതമാനവും, ബാങ്കുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിവേഴ്‌സ് റീപോ 5.75 ശതമാനവുമായി തുടരും. നടപ്പു സാമ്പത്തിക വർഷത്തിലെ ആറാമത്തേയും അവസാനത്തേയും ദ്വൈമാസ വായ്പാനയ അവലോകന യോഗമായിരുന്നു ഇന്നു ചേർന്നത്.

റിസർവ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ അധ്യക്ഷതയില്‍ കൂടിയ പണനയ അവലോകന സമിതിയാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ആറംഗ സമിതിയിലെ അഞ്ചു പേരും മുഖ്യ നിരക്കുകളില്‍ മാറ്റം വേണ്ടെന്ന നിലപാടിനെയാണ് അനുകൂലിച്ചത്. നാണയപ്പെരുപ്പ നിരക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ആര്‍.ബി.ഐ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ദ്വൈമാസ അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസർവ് ബാങ്ക് തയാറായിരുന്നില്ല.