വൈറ്റില മേൽപ്പാല നിർമാണത്തിലെ അപാകത, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ എറണാകുളം വൈറ്റിലയിൽ, ദേശീയപാതയോട് അനുബന്ധിച്ച് നിർമിക്കുന്ന മേൽപ്പാലത്തിന്‍റെ അശാസ്ത്രീയ രൂപരേഖയ്ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. പൊതുജനത്തിനു ഉപകാരപ്പെടും വിധമാകണം മേൽപ്പാലത്തിന്‍റെ നിർമാണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വൈറ്റിലയിലെ മേൽപ്പാല പദ്ധതികൊണ്ട് ഗുണമില്ലെന്ന് ഭാവി തലമുറയെക്കൊണ്ട് ചിന്തിപ്പിക്കരുത്. രണ്ടു റോഡിലെ തിരക്കു കുറയ്ക്കനായി മേൽപ്പാലം എന്തിനാണ്. പണിതതിനു ശേഷം പൊളിച്ചു കളയുകയെന്നത് പ്രായോഗികമല്ല. അതിനാൽ പ്രായോഗികമായി എങ്ങനെ പദ്ധതി പൂർത്തീകരിക്കാനാവുമെന്ന് ആലോചിക്കാൻ യോഗം വിളിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വൈറ്റില മേല്‍പ്പാല നിര്‍മാണത്തിനുള്ള നിലവിലെ രൂപരേഖ അശാസ്ത്രീയമാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഉപകരിക്കില്ലെന്നും വിവിധ കോണുകളില്‍ നിന്നു ആദ്യഘട്ടത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിക്കാന്‍ മാത്രമേ മേല്‍പ്പാലത്തിനു സാധിക്കൂവെന്നും ഡല്‍ഹി മെട്രോയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസറായ ഇ. ശ്രീധരനും ചൂണ്ടിക്കാട്ടിയിരുന്നു.